About SUHBA

സുഫ്ഫാ ദർസ് കോഓർഡിനേഷന് കീഴിലെ വിദ്യാർത്ഥി കൂട്ടായ്മ

Students' Collective for Suffa Dars Coordination under Alathurpadi Dars

Vision

ആലത്തൂർപടി ദർസ് കേന്ദ്രമായി ഉസ്താദ് ഡോ.അബ്ദുറഹ്മാൻ ഫൈസി അരിപ്രക്ക് കീഴിൽ പ്രവർത്തിക്കുന്ന സുഫ്ഫ ദർസുകളുടെ വിദ്യാർത്ഥി കൂട്ടായ്മയാണ് സുഹ്‌ബാ. സുഫ്ഫാ ദർസ് വിദ്യാർത്ഥികളെ ഏകോപിപ്പിച്ച്, വിദ്യാഭ്യാസ മികവും സാമൂഹിക പ്രതിബദ്ധതയും വളർത്തി, സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ശതാബ്ദി സംഗമത്തിന്റെ മുന്നോടിയായി മികച്ച സേവനപ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുക.

Suhba is a student collective of the Suffa Dars Coordination operating under the leadership of Ustad Dr. Abdurahman Faizy Aripra at Alathurpadi Dars as its center. Suhba unites the students of Suffa Dars, fostering academic excellence and social commitment, and aims to move forward with exemplary service activities in connection with the centenary celebrations of Samastha Kerala Jam'iyyathul Ulama.

Mission

സമസ്തയുടെ ശതാബ്ദി ആഘോഷങ്ങൾക്ക് മുന്നോടിയായി 300 ദിവസത്തെ കൗൺഡൗൺ കലണ്ടർ തയ്യാറാക്കി, അതിലൂടെ സമസ്തയുടെ സേവന-സാമൂഹിക പ്രവർത്തനങ്ങൾ രേഖപ്പെടുത്തി, നവമാധ്യമങ്ങളിലൂടെ അവതരിപ്പിക്കുക. കൂടാതെ സമസ്ത നൂറാം വാർഷിക സമ്മേളനവുമായി ബന്ധപ്പെട്ട അപ്ഡേറ്റുകളും വിവരങ്ങളും ആളുകളിലേക്ക് എത്തിക്കുക, മറ്റ് ഉപകാരപ്രദമായ കാര്യങ്ങൾ ആളുകളിലേക്ക് എത്തിക്കുക.

Create a 300-day countdown calendar leading to Samastha's centenary celebrations, documenting and presenting its service and social activities through new media platforms. also provide updates and information related to the centenary conference of Samastha, as well as other useful information to the public.

About SUHBA

ആലത്തൂർപടി ദർസ് കേന്ദ്രമായി ഉസ്താദ് ഡോ.അബ്ദുറഹ്മാൻ ഫൈസി അരിപ്രക്ക് കീഴിൽ പ്രവർത്തിക്കുന്ന സുഫ്ഫ ദർസുകളുടെ വിദ്യാർത്ഥി കൂട്ടായ്മയാണ് സുഹ്‌ബാ. സുഫ്ഫാ ദർസ് കോഓർഡിനേഷന് കീഴിലുള്ള വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി വ്യത്യസ്തവും കാര്യക്ഷമവുമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുന്ന വിദ്യാർത്ഥി കൂട്ടായ്മയാണ് സുഹ്‌ബാ.

  • വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനം
  • സാമൂഹിക പ്രതിബദ്ധത വളർത്തൽ
  • സംഘടനാ പ്രവർത്തന പരിചയം
  • അഹ്‌ലുസ്സുന്ന വൽ ജമാഅഃത്തിനെ പൂർണ്ണമായി ഉൾക്കൊള്ളലും ശക്തിപ്പെടുത്തലും.

Samastha Celebrating Centenary

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ 2026 ഫെബ്രുവരി 4 ന് ശതാബ്ദി പൂർത്തിയാക്കുകയാണ്. മുസ്ലിം കൈരളിയുടെ ആധികാരിക പരമോന്നത പണ്ഡിത സഭയുടെ നൂറ് വർഷത്തെ പ്രവർത്തന ചരിത്രത്തിന്റെ സമാപന സമ്മേളനമായി നടക്കുന്ന ചടങ്ങിൽ:

  • ഇന്ത്യയിലെയും വിദേശത്തെയും പണ്ഡിതന്മാർ
  • ഇസ്ലാമിക വിദ്യാർത്ഥികളും ബിരുദധാരികളും
  • സാമൂഹിക-സാംസ്കാരിക നേതാക്കൾ
  • വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികൾ

തുടങ്ങിയവർ പങ്കെടുക്കുന്ന ഈ ചരിത്ര സംഗമത്തിന്റെ മുന്നോടിയായി 300 ദിവസത്തെ കൗൺഡൗൺ ഡിജിറ്റൽ സേവനങ്ങൾ സംഘടിപ്പിക്കുകയാണ് സുഹ്ബ.

ശതാബ്ദി പിന്നിടുന്ന സമസ്ത

തിരുനബി(സ)യില്‍ നിന്ന് നേരിട്ട് മതം പഠിച്ചവരാണ് കേരളീയര്‍ എന്നതിന് ചരിത്രം സാക്ഷിയാണ്. കേരളീയ ഉമ്മത്തിന്റെ വിജയഗാഥയുടെ അടിസ്ഥാനവും ഇത് തന്നെയായിരുന്നു. എക്കാലത്തും കേരളത്തില്‍ ഉമ്മത്തിന് ശക്തമായ നേതൃത്വം ഉണ്ടായിരുന്നു. ആധ്യാത്മിക രംഗത്ത് ആ മഹാമനീഷികള്‍ തീര്‍ത്ത പാതയില്‍ മുസ്‌ലിം കൈരളി മുന്നേറി. പള്ളികളും പള്ളിദര്‍സുകളും ഉപയോഗിച്ച് അവര്‍ വിശ്വാസികളില്‍ ഇസ്‌ലാമിക ചൈതന്യം ഊട്ടിയുറപ്പിച്ചു.

ഒന്നാം മഖ്ദൂം മുതല്‍ അധിനിവേശത്തിനും പാരതന്ത്ര്യത്തിനുമെതിരെ പോരാടിയ ഖിലാഫത്ത് സമര നേതാക്കള്‍ വരെയുള്ള സയ്യിദുമാരും പണ്ഡിതരും തന്നെയാണ് കഴിഞ്ഞ കാലത്തിന്റെ ഗതി നിര്‍ണ്ണയിച്ചതും സവിശേഷമായ ഒരു സമൂഹമായി വളരാന്‍ നമ്മെ പ്രാപ്തരാക്കിയതും.

'പ്രവാചകന്റെ ജീവിത കാലത്തുതന്നെ ഇസ്‌ലാമിക സന്ദേശം കേരളത്തില്‍ വന്നിട്ടുണ്ട്. മാലിക് ബ്‌നു ദീനാര്‍, ഹബീബ് ബ്‌നു മാലിക് തുടങ്ങിയ ആദ്യകാല പ്രബോധകരുടെ വിശുദ്ധ പാദ മുദ്രകള്‍ പതിഞ്ഞ മണ്ണാണ് മലബാര്‍. അതുകൊണ്ടുതന്നെ കേരളീയര്‍ പരിചയപ്പെട്ട ഇസ്‌ലാം തീര്‍ച്ചയായും ഖുര്‍ആനും സുന്നത്തും അനുസരിച്ചുള്ള ഇസ്‌ലാം തന്നെയായിരുന്നു.'

കാലുഷ്യങ്ങളുടെ 1921

മലബാര്‍ സമരത്തിന്റെ അടിസ്ഥാന കാരണങ്ങളെ വിശകലന വിധേയമാക്കിയവര്‍ താല്‍പിത ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തിയാണ് സഞ്ചരിച്ചതെന്ന് കാണാം. വില്യം ലോഗനും മലബാര്‍ ഡെപ്യൂട്ടി ജഡ്ജി എച്ച്.വി ഗ്രാമും സമരത്തെ കാര്‍ഷിക വീക്ഷണത്തിലൂടെയാണ് നിരീക്ഷിച്ചത്.

1882 ല്‍ ലോഗന്‍ സമര്‍പ്പിച്ച മലബാര്‍ ലാന്‍ഡ് ടെന്വര്‍സ് എന്ന റിപ്പോര്‍ട്ടിലാണ് സമരങ്ങളുടെ കാര്‍ഷിക പശ്ചാത്തലം നിരീക്ഷണ വിധേയമാക്കുന്നത്. എന്നാല്‍ 1987 ല്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ പ്രത്യേക താല്പര്യത്തില്‍ പുറത്തിറക്കിയ മലബാര്‍ മാന്വലില്‍ മാപ്പിള കലാപങ്ങളെ ഇതേ ലോഗന്‍ തന്നെ വര്‍ഗീയപരമായി വ്യാഖ്യാനിക്കുന്നത് കാണാം.

എന്നാല്‍ കാര്‍ഷിക പ്രശ്‌നങ്ങളേക്കാളുപരി 1921 ലെ സമരത്തിന്റെ പ്രധാന കാരണം ഇന്ത്യയിലുടനീളം ആഞ്ഞടിച്ച ഖിലാഫത്ത് പ്രക്ഷോഭമായിരുന്നു. സമരത്തിന്റെ ഏറ്റവും വലിയ പ്രത്യയശാസ്ത്ര അടിത്തറ തന്നെയായിരുന്നു ഖിലാഫത്ത് പ്രക്ഷോഭം. റോളണ്ട് ഇ മില്ലര്‍ എഴുതുന്നു, 'മാപ്പിളമാരുടെ സാമ്പത്തിക അസംതൃപ്തി, ഖിലാഫത്ത് പ്രസ്ഥാനം, സ്വാതന്ത്ര്യ പ്രസ്ഥാനം, ബ്രിട്ടീഷ് അടിച്ചമര്‍ത്തല്‍ എന്നിവയോ ഇവയില്‍ പലതും കൂടിച്ചേര്‍ന്നതോ പ്രക്ഷോഭത്തിന് കാരണങ്ങളായി പറയപ്പെടുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ മാപ്പിള കലാപങ്ങളുടെ കാരണങ്ങളായി പറയപ്പെടുന്നതും അതോടൊപ്പം മറ്റു ചിലതും കൂടിച്ചേര്‍ന്നതാണ് ഈ പട്ടിക. മുന്‍ കലാപങ്ങളില്‍ എന്ന പോലെ 1921 ലെ കലാപവും പൊട്ടിപ്പുറപ്പെടുന്നതില്‍ വിവിധ സ്വാധീനങ്ങള്‍ പ്രതിപ്രവര്‍ത്തിച്ചു. ഇവിടെ കാണുന്ന ഏറ്റവും ശ്രദ്ധേയമായ പുതിയ ഘടകം ഖിലഫത്ത് പ്രസ്ഥാനമാണ്. ( മാപ്പിള മുസ്‌ലിംകള്‍, റോളണ്ട് ഇ മില്ലര്‍ പേജ് 130).

ലോക മുസ്‌ലിംകളെ ഒരുമിച്ചു നിര്‍ത്തുന്ന ഘടകമായി നൂറ്റാണ്ടുകളോളം വര്‍ത്തിച്ച ഉസ്മാനി (ഓട്ടോമന്‍) ഖിലാഫത്തിനോട് ഒന്നാം ലോക യുദ്ധാനന്തരം ബ്രിട്ടന്‍ സ്വീകരിച്ച വഞ്ചനാ നയത്തില്‍ പ്രതിഷേധിച്ച് അബുല്‍ കലാം ആസാദും അലി സഹോദരന്മാരു മടങ്ങുന്ന മുസ്‌ലിം നേതാ ക്കള്‍ നേതൃത്വം നല്‍കിയ പ്ര ക്ഷോഭമായിരുന്നു ഖിലാഫത്ത് സമരം. ലോകമഹായുദ്ധാനന്തരം ഒട്ടോമന്‍ തുര്‍ക്കി യെ വിഭജിക്കുന്ന 'സെവ് രസ് ഉടമ്പടി' (1919 ആഗസ്റ്റ് ) ഭേദഗതി ചെയ്യാന്‍ ആസാദിന്റെയും അലി സഹോദരന്മാരുടെയും നേതൃത്വത്തില്‍ മുസ്‌ലിംകള്‍ രംഗത്തിറങ്ങി. അതിന്റെ ഭാഗമായി 1919 ഒക്ടോബര്‍ 17 ഖിലാഫത്ത് ദിനമായി ആചരിക്കുകയും 1920 ഫെബ്രുവരിയില്‍ ബോംബെയില്‍ കേന്ദ്ര ഖിലാഫത്ത് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. 1921 ജൂണ്‍ 30 ആയപ്പോഴേക്കും ഇന്ത്യയൊട്ടുക്കും 200 ഖിലാഫത്ത് കമ്മിറ്റികള്‍ രൂപീകൃതമായിരുന്നു. 1920 ഏപ്രില്‍ 28 ന് നടന്ന മഞ്ചേരി സമ്മേളനത്തോടെയാണ് ഖിലാഫത്ത് പ്രസ്ഥാനം മലബാറില്‍ ശ്രദ്ധനേടുന്നത്.

ഖിലാഫത്തിന്റെ സംരക്ഷണം ആവശ്യപ്പെട്ട് മുസ്‌ലിം നേതാക്കള്‍ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയതോടെ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഇതിന് പിന്തുണ പ്രഖ്യാപിച്ചു. അങ്ങനെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഖിലാഫത്ത് വളണ്ടിയര്‍മാരും ചേര്‍ന്ന് സമരം നടത്താന്‍ തീരുമാനിച്ചു. 1920 ആഗസ്റ്റ് 18 ന് ഗാന്ധിജിയും ഷൗക്കത്തലിയും കോഴിക്കോട് വന്നു പ്രസംഗിച്ചു. അതിന്റെ തുടര്‍ച്ചയെന്നോണം 1921 ഏപ്രില്‍ 23 മുതല്‍ 27 വരെ ഒറ്റപ്പാലത്ത് കോണ്‍ഗ്രസിന്റെയും ഖിലാഫത്തിന്റെയും സമ്മേളനങ്ങള്‍ നടത്തി. കോണ്‍ഗ്രസ്ഖിലാഫത്ത് ധാരണയുടെ അടിസ്ഥാനത്തില്‍ 1921 ആഗസ്റ്റ് 21 ന് തീര്‍ത്തും സമാധാനപരമായി മലബാറില്‍ സമരം ആരംഭിച്ചു. എന്നാല്‍ ഈ സംയുക്ത പ്രക്ഷോഭം സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ജനകീയ പ്രക്ഷോഭമായി മാറുന്നത് ഭീതിയോടെ വീക്ഷിച്ച ബ്രിട്ടീഷ് ഭരണകൂടം ആസൂത്രിതമായി അതിനെ അടിച്ചമര്‍ത്താനുള്ള നീക്കം നടത്തി. സമരത്തെ സായുധ സമരത്തിലേക്ക് തിരിച്ചുവിട്ടു.

കോണ്‍ഗ്രസിനെപ്പോലെ കിട്ടുന്നതെല്ലാം വാങ്ങിവെക്കുക, തിരിച്ചടിക്കാതെ മൗനികളാകുക എന്ന അഹിംസാ സൈദ്ധാന്തികമൊന്നുമില്ലാത്ത മാപ്പിള പോരാളികള്‍ ബ്രിട്ടീഷുകാരോട് സായുധ ചെറുത്തു നില്‍പ്പിന് തയ്യാറായതോടെ സമരം അക്രമാസക്തമായെന്ന് പറഞ്ഞു കോണ്‍ഗ്രസ് പിന്മാറുകയും സമരരംഗത്ത് മാപ്പിളമാര്‍ തനിച്ചാവുകയും ചെയ്തു. നീണ്ട ചെറുത്തു നില്പ്പിനൊടുവില്‍ മാ പ്പിളപോരാളികള്‍ ബ്രിട്ടീഷുകാരാല്‍ ക്രൂരമായി അടിച്ചമര്‍ത്തപ്പെടുന്നതിലാണ് അത് കലാശിച്ചത്. ആര്‍.സി മജുംദാറിനെ പോലുള്ളവര്‍ നിരീക്ഷിച്ചത് പോലെ വ്യക്തമായ കാലുവാരല്‍ തന്നെയായിരുന്നു കോണ്‍ഗ്രസ് നടത്തിയത്. തുടര്‍ന്ന് മലബാറിലെ മാപ്പിളമാര്‍ ഒറ്റപ്പെട്ടു.

അധിനിവേശ സാമ്രാജ്യത്വ കൊളോണിയല്‍ ശക്തികള്‍ക്കെതിരെ നിന്ന പാരമ്പര്യം അവകാശപ്പെടാന്‍ കഴിയുന്ന സമുദായമാണ് മാപ്പിളമാരുടേത്. 1498 മുതല്‍ 1921 വരെയുള്ള മാപ്പിള മലബാറിലെ ചരിത്രത്തിലെ നല്ലൊരുഭാഗവും സമരങ്ങളുടെയും പോരാട്ടങ്ങളുടെതുമാണ്. വാസ്‌കോഡഗാമ 1498 മെയ് 17ന് കാപ്പാട് കടപ്പുറത്ത് കപ്പല്‍ ഇറങ്ങിയപ്പോള്‍ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ പൊന്നാനി പള്ളിയില്‍ വച്ച് നടത്തിയ സമര പ്രഖ്യാപനത്തില്‍ നിന്നും തുടങ്ങുന്നതാണ് മാപ്പിളമാരുടെ പോരാട്ട ചരിത്രം. പതിനഞ്ചാം നൂറ്റാണ്ടു മുതല്‍ അധിനിവേശ ശക്തികള്‍ക്കെതിരെ അരങ്ങേറിയ മുഴുവന്‍ പോരാട്ടങ്ങളെയും സമുദായം ഒന്നിച്ചാണ് ഏറ്റെടുത്തത്. മലബാറിലെ അക്കാലത്തെ ഏറ്റവും വലിയ മതപണ്ഡിതന്മാരും ആത്മീയ ആചാര്യന്മാരുമായിരുന്നു അന്ന് അതിനെല്ലാം നേതൃത്വം നല്‍കിയത്. കേവലം രാഷ്ട്രീയ സാഹചര്യങ്ങളോ പ്രേരകങ്ങളോ അല്ല പണ്ഡിത കുലപതികളെ വൈദേശിക ആധിപത്യത്തിനെതിരേയുള്ള പോരാട്ടത്തിലേക്ക് എത്തിച്ചത്. വിശ്വാസപരമയ പലകാരണങ്ങളും അതില്‍ പ്രധാനമായി വര്‍ത്തിച്ചിട്ടുണ്ട് എന്ന് കാണാം.

സായുധ പോരാട്ടം വേണമെന്ന് ശഠിച്ചവരും സായുധരായ സംഘത്തോട് പരിമിതി മനസ്സിലാക്കി വേണം പോരാട്ടമെന്ന് മുന്നറിയിപ്പ് നല്‍കിയവരും പണ്ഡിതരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തോട് ആഭിമുഖ്യം പുലര്‍ത്തുകയും എന്നാല്‍ സായുധസമരം ഒഴിവാക്കണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തവരാണ് വരക്കല്‍ മുല്ലക്കോയ തങ്ങള്‍, പാങ്ങില്‍ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയവര്‍.

ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരെ ഒരുനിലക്കും പോരാടേണ്ടതില്ലെന്ന നിലപാടുകാരും പണ്ഡിതരില്‍ ഉണ്ടായിരുന്നു. സമുദായത്തെ ഇനിയുമൊരു സായുധ സമരത്തിലേക്ക് തള്ളിവിടുന്നത് ആത്മഹത്യാപരമാണെന്നും രാക്ഷ്ട്രീയ ലാഭം മുന്പില്‍ കണ്ടു കൊണ്ടുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഖിലാഫത്ത് കളി മാത്രമാണെന്നും അവര്‍ നിരീക്ഷിച്ചു.

മജ്‌ലിസുല്‍ ഉലമ

കലക്കും വെള്ളത്തില്‍ മീന്‍പിടിച്ച് പാരമ്പര്യമുള്ള മതപരിഷ്‌കരണവാദികള്‍ ഈ സാഹചര്യത്തില്‍ ശക്തമായ നീക്കം നടത്തി. പില്‍ക്കാലത്ത് ഐക്യസംഘമെന്ന പേരില്‍ മറനീക്കി പുറത്ത് വന്ന ചില തീവ്ര ചിന്താഗതിക്കാരായ മൗലവികള്‍ ആസൂത്രിതമായി പണ്ഡിതരെ ഒറ്റുകൊടുത്തതു കാണാം.

ഖിലാഫത്ത് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന ദേശീയ നേതാക്കള്‍ പങ്കെടുത്ത സമ്മേളനം 1921 ഏപ്രില്‍ 2,3 തിയ്യതികളില്‍ തമിഴ്‌നാട്ടിലെ ഈറോഡില്‍ വെച്ച് നടന്നു. പ്രസ്തുത സമ്മേളനത്തില്‍ കേരളത്തില്‍ നിന്ന് മൗലാനാ വാളക്കുളം അബ്ദുല്‍ ബാരി മുസ്‌ലിയാര്‍, കെ.എം മൗലവി തിരൂരങ്ങാടി, കട്ടിലശ്ശേരി മുഹമ്മദ് മൗലവി, ഇ. മൊയ്തു മൗലവി തുടങ്ങിയവര്‍ സംബന്ധിച്ചിരുന്നു. മജ്‌ലിസുല്‍ ഉലമയുടെ ഒരു ശാഖ കേരളത്തില്‍ രൂപീകരിക്കുന്നതിനെ കുറിച്ചാലോചിക്കാനായി കെ.എം മൗലവിയും മറ്റും മൗലാന അബ്ദുല്‍ ബാരി മുസ്‌ലിയാരെ സമീപിച്ചു. അദ്ദേഹം പ്രതികരിച്ചത് ഇപ്രകാരമായിരുന്നു. 'നമുക്ക് കേരളത്തിലേക്കു മടങ്ങിയ ശേഷം നമ്മുടെ ഗുരുവര്യന്‍മാരോടും മറ്റും കൂടിയാലോചിച്ചു വേണ്ടതു ചെയ്യാം'. എന്നാല്‍ പ്രസ്തുത അഭിപ്രായത്തോട് കെ.എം മൗലവിക്കും കൂട്ടുകാര്‍ക്കും വിയോജിപ്പായിരുന്നു. അബ്ദുല്‍ ബാരി മുസ്‌ലിയാര്‍ തന്റെ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുകയും അവര്‍ കൊണ്ടു വന്ന ലിസ്റ്റില്‍ ഒപ്പുവെക്കാതെ മാറി നില്‍ക്കുകയും ചെയ്തു. അവര്‍ പിന്നീട് കെ.എം മൗലവി പ്രസിഡന്റായി മജ്‌ലിസുല്‍ ഉലമ രൂപീകരിച്ചു (കെ.എം മൗലവി സ്മാരക ഗ്രന്ഥം 109)

1921 ഏപ്രിലില്‍ ഒറ്റപ്പാലത്ത് വെച്ചു നടന്ന കോണ്‍ഗ്രസ് ഖിലാഫത്ത് സമ്മേളനത്തില്‍ വച്ചായിരുന്നു ഈ രൂപീകരണം. കേരളത്തിലെ പണ്ഡിത prominente-കളില്‍ ഒരാളെ പോലും അറിയിക്കുകയോ പങ്കെടുപ്പിക്കുകയോ ചെയ്യാതെയായിരുന്നു രൂപീകരണം എന്നത് വിഭാഗീയതയുടെ വഹാബി അജണ്ടകളുടെ ആഴം വ്യക്തമാക്കുന്നു. മജ്‌ലിസുല്‍ ഉലമയുടെ പേരില്‍ 1921 ജൂലൈ 24 ന് പുതുപൊന്നാനിയില്‍ ഒരു മഹാസമ്മേളനം സംഘടിപ്പിച്ചു. സംഘത്തിന്റെ ഗതി തിരിച്ചറിയാതെ ചില ഉലമാക്കള്‍ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം ഓഗസ്റ്റില്‍ മലബാര്‍ കലാപം ആ രംഭിച്ചതോടെ പ്രസ്തുത സംഘടന നാമാവശേഷമായി.

ഒളിച്ചോട്ടവും ഛിദ്രചിന്തകളും

ഖിലാഫത്ത് പ്രസ്ഥാനത്തിലെ സജീവ സാന്നിധ്യമായിരുന്നു നെല്ലിക്കുത്ത് ആലി മുസ്‌ലിയാര്‍ , പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, തയ്യില്‍ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ എന്ന കെ. എം മൗലവി എന്നിവര്‍, 1921 ഓഗസ്റ്റ് 16 ന് കലക്ടര്‍ ഇ.എഫ് തോമസ് പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടില്‍ ലഹളയുടെ കാരണക്കാരായി ഈ മൂന്ന് പേരുമുണ്ടായിരുന്നു. ആലി മുസ്‌ലിയാര്‍ വിചാരണ നേരിട്ടു കോയമ്പത്തൂര്‍ ജയിലിലേക്കു നീങ്ങി. അവിടെ വച്ച് വഫാത്തായി. പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ ഒളിവില്‍ കഴിഞ്ഞു പ്രക്ഷോഭകാരികളെ ശാന്തരാക്കാന്‍ അവിശ്രമ പരിശ്രമം നടത്തി. വികാരഭരിതരായ ജനക്കൂട്ടത്തെ നിയന്ത്രിക്കാനും അക്രമത്തിനെതിരെ ഉദ്‌ബോധനം നടത്താനുമായി ഗ്രാമാന്തരങ്ങളുലൂടെ സഞ്ചരിച്ചു. മലപ്പുറത്തെ തുക്ക്ടി കച്ചേരി കൊള്ളയടിക്കാനെത്തിയ ജനസഞ്ചയത്തെ സംബോധനം ചെയ്തു അദ്ദേഹം നടത്തിയ പ്രസംഗം സുവിദിതവും ശ്രദ്ധേയവുമാണ്. മലപ്പുറം കുന്നുമ്മലില്‍ വെച്ച് നടന്ന പ്രസ്തുത പ്രസംഗം ഇങ്ങനെ സംഗ്രഹിക്കാം: 'പ്രിയ സഹോദരങ്ങളെ, നാം ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ആളുകളാണ്; വെള്ളക്കാര്‍ നമ്മുടെ ശത്രുക്കളും. അവര്‍ ഇന്ത്യ വിട്ടു പോവണം. അതുവരെ നാം സമരം ചെയ്യും. പക്ഷേ നാം അക്രമം കാണിക്കരുത്, അക്രമ രഹിതമായ ഒരു സമരമാണ് നാമുദ്ദേശിക്കുന്നത്. ഗവണ്‍മെന്റ് ഓഫീസുകള്‍ കൊള്ളയടിക്കരുത്, ഗവണ്‍മെന്റിനെതിരെ യുദ്ധത്തിനൊരുങ്ങിയാല്‍ നാം കുറ്റക്കാരായി തീരും. സമാധാന പരമായി നാം യുദ്ധം ചെയ്യുക. അതാണ് നമ്മുടെ ലക്ഷ്യം.

അദ്ദേഹം രോഗബാധിതനായി പെരിന്തല്‍മണ്ണക്കടുത്ത് മുള്ള്യാകുര്‍ശിയിലെ ഒരു സുഹൃദ് ഭവനത്തില്‍ ശയ്യാവലംബിയായി. മലപ്പുറത്തെ പൗരപ്രധാനിയും അദ്ദേഹത്തിന്റെ ആത്മമിത്രവുമായ കിളിയമണ്ണില്‍ മൊയ്തു സാഹിബിന്റെ ശ്രമഫലമായി ചികിത്സലഭ്യമാക്കുകയും അറസ്റ്റ് വാറണ്ട് പിന്‍വലിക്കുകയും ചെയ്തു.

അറസ്റ്റ് ഭീതി നിമിത്തം കെ.എം മൗലവി തന്റെ ഭാര്യാ സഹോദരന്‍ എം.സി.സി അബ്ദു റഹ്മാന്‍ മൗലവിയുടെ ക്ഷണപ്രകാരം കൊടുങ്ങല്ലൂരിലേക്ക് ഒളിച്ചോടി. നാട്ടു രാജ്യമായതിനാല്‍ അവിടെ ബ്രിട്ടീഷുകാരുടെ ഉപദ്രവം ഭയപ്പെടേണ്ടിയിരുന്നില്ല. വര്‍ഷങ്ങള്‍ക്കു മുമ്പേ അധ്യാപകനായി അവിടെ എത്തിയ ഇ.കെ മൗലവിയുടെയും 1921 ഓഗസ്റ്റ് 20 ന് കൊടുങ്ങല്ലൂരില്‍ നടന്ന ഖിലാഫത്ത് സമ്മേളനത്തിന് മലബാറില്‍ നിന്നെത്തി പിന്നീട് അവിടെ തങ്ങിയ എം.സി.സി അബ്ദുറഹ്മാന്‍ മൗലവിയുടെയുമൊപ്പം സംഘാടകനും വാഗ്മിയുമായ കെ. എം മൗലവി കൂടി എത്തിയതോടെ നവീന ചിന്താഗതികള്‍ക്ക് സംഘടിത രൂപമായി. വഹാബിസം നേരത്തെ ബാധിച്ച ദക്ഷിണ കേരളത്തിലെ വക്കം മൗലവിയുടെ നിര്‍ദേശങ്ങള്‍ മലബാറില്‍ നിന്നെത്തിയ മൗലവിമാര്‍ക്ക് കരുത്ത് പകര്‍ന്നു.

ഐക്യസംഘത്തിന്റെ പേരില്‍ അനൈക്യം

കൊടുങ്ങല്ലൂരിലെ സമ്പന്ന മുസ്‌ലിം കുടുംബങ്ങളിലെ ഗോത്രകലഹങ്ങളും കക്ഷിവഴക്കുകളും അവസാനിപ്പിക്കാനായി മൗലവിമാര്‍ സമ്മേളിച്ചു. 1972 ല്‍ എറിയാട്ട് വച്ച് ഒരു സമ്മേളനം നടത്തി മുസ്‌ലിംകള്‍ക്കിടയിലെ ഭിന്നിപ്പ് തീര്‍ക്കാനും ഗോത്രങ്ങള്‍ക്കിടയില്‍ നിഷ്പക്ഷത പാലിക്കാനും ഒരു സ്ഥിരം സംവിധാനമായി നിഷ്പക്ഷ സംഘം എന്ന പേരില്‍ ഒരു വേദി ഉണ്ടാക്കി. പതിനൊന്നംഗ സമിതി ആയിരുന്നു അത്. എന്നാല്‍ കൊടുങ്ങല്ലൂരിലെ ഗോത്ര കലഹത്തിനു അറുതി വരുത്താന്‍ പ്രസ്തുത സംഘത്തിന് കഴിഞ്ഞില്ലെന്നത് വേറെ ചരിത്രം. ('കേരള മുസ്‌ലിം നവോത്ഥാന ചരിത്രം ' പേ.120). സംഘത്തിന്റെ പ്രവര്‍ത്തനം സംസ്ഥാന വ്യാപകമാക്കുന്നതിനായി പേര് കേരളമുസ്‌ലിം ഐക്യ സംഘം എന്നാക്കി.

മണപ്പാട്ടു കുഞ്ഞിമുഹമ്മദ് ഹാജി, കെ.എം സീതി സാഹിബ്, പിതാവ് സീതി മുഹമ്മദ്, കെ.എം മൗലവി, ഇ.കെ മൗലവി, ടി.കെ മുഹമ്മദ് മൗലവി, എം.സി.സി അബ്ദുറഹ്മാന്‍ മൗലവി തുടങ്ങിയവരായിരുന്നു സംഘത്തിന്റെ സ്ഥാപക നേതാക്കളില്‍ പ്രമുഖര്‍. ശാഫിഈ, ഹനഫീ, ഹമ്പലി, മാലികി മദ്ഹബുകളില്‍ ഏതെങ്കിലുമൊന്ന് വച്ച് പുലര്‍ത്തുന്നവര്‍ക്ക് സംഘത്തില്‍ അംഗങ്ങളാവാമെന്നതായിരുന്നു വ്യവസ്ഥ. അതിനാല്‍ മൗലാനാ പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ ഉള്‍പ്പെടെയുള്ള ഏതാനും പണ്ഡിതന്‍മാര്‍ സദുദേശ്യ പൂര്‍വം സംഘത്തിന്റെ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ 'ഐക്യസംഘം' നിഗൂഢ ലക്ഷ്യത്തോടെയാണ് നീങ്ങിയത്. അക്കാലത്ത് ഈജിപ്തിലും തുര്‍ക്കിയിലും പ്രചാരം നേടിയിരുന്ന പുത്തന്‍ ചിന്തകളെ കേരളത്തിലും പ്രചരിപ്പിക്കാനുള്ള ആസുത്രിത നീക്കം നടത്തി. മതപരിഷ്‌കരണമെന്ന ലേബലില്‍ പാരമ്പര്യ മൂല്യങ്ങളില്‍ നിന്ന് സമുദായത്തെ അകറ്റാനായിരുന്നു സംഘത്തിന്റെ ഗൂഢ ലക്ഷ്യം.

തത്വത്തില്‍ കേരള മുസ്‌ലിംകളുടെ കൂട്ടായ്മയായിരുന്നു സംഘമെങ്കിലും പ്രയോഗത്തില്‍ ഇസ്‌ലാഹി ചിന്തകളാണ് സംഘത്തെ നയിച്ചിരുന്നത്. സംഘത്തിന്റെ തണലില്‍ രൂപീരിക്കപ്പെട്ട ജംഇയ്യത്തുല്‍ ഉലമാ പൂര്‍ണ്ണമായും സലഫി ആശയഗതിക്കാരായിരുന്നു' (ഇസ്‌ലാമിക വിജ്ഞാന കോശം – ഐ.പി.എച്ച്: വാല്യം .8, പേജ് 591).

ഐക്യസംഘത്തിന്റെ ഒന്നാം വാര്‍ഷിക സമ്മേളനം 1923 ല്‍ എറിയാട്ടു വച്ചു നടക്കുന്നത് വരെ അവരുടെ യഥാര്‍ഥ നിറം പ്രകടമായിരുന്നില്ല. വഹാബി ചിന്തകനായ വക്കം മൗലവി അധ്യക്ഷനായി സമ്മേളനം നടത്തിയതും പ്രസ്തുത സമ്മേള നത്തില്‍ ഇസ്‌ലാമികാചാരാനുഷ്ഠാനങ്ങള്‍ക്കതിരേ പ്രമേയങ്ങളും പ്രസംഗങ്ങളും നടന്നതും മുസ്‌ലിം ബഹുജനങ്ങള്‍ക്ക് ഐക്യ സംഘത്തിന്റെ ഉള്ളിലിരിപ്പ് മനസ്സിലാക്കാന്‍ സഹായകമായി. സംഘത്തിന്റെ പ്രസിദ്ധീകരണങ്ങളായിരുന്ന മുസ്‌ലിം ഐക്യം, അല്‍ ഇര്‍ഷാദ് എന്നിവയിലൂടെയും പുത്തന്‍ സിദ്ധാന്തങ്ങള്‍ പുറത്തുവന്നിരുന്നു.

നേരത്തെ തന്നെ വഹാബിയായി മുദ്രകുത്തപ്പെട്ട വക്കം മൗലവിയുടെ സാന്നിധ്യം യാഥാസ്ഥികരെ പ്രകോപിതരാക്കി. യഥാസ്ഥിക പണ്ഡിതന്‍മാരില്‍ നിന്ന് എതിര്‍പ്പുകളുയര്‍ന്ന പശ്ചാത്തലത്തില്‍ കേരള മുസ്‌ലിംകള്‍ക്കിടയില്‍ പൊതു സമ്മതനായ ഒരു പണ്ഡിതന്റെ നേതൃത്വത്തില്‍ സമ്മേളനം നടത്താന്‍ ഐക്യസംഘം തീരുമാനിക്കുകയും തദടിസ്ഥാനത്തില്‍ കേരളത്തിലെ അനേകം പണ്ഡിതന്‍മാരുടെ ഗുരുനാഥനും വേലൂര്‍ ബാഖിയാത്ത് സ്സ്വാലിഹാത്ത് അറബിക് കോളേജ് പ്രിന്‍സിപ്പലുമായിരുന്ന ശൈഖ് അബ്ദുല്‍ ജബ്ബാര്‍ ഹസ്രത്തിനെ ക്ഷണിക്കുകയും ചെയ്തു'(കേരള മുസ്‌ലിം നവോത്ഥാന ചരിത്രം 121).

1923 – ല്‍ വക്കം മൗലവിയുടെ അധ്യക്ഷതയില്‍ ഏറിയാട്ട് ചേര്‍ന്ന ഒന്നാം സമ്മേളനത്തിന്റെ ഒന്നാം പ്രമേയം ഇങ്ങനെ വായിക്കാം: '…ആ സമ്മേളനത്തില്‍ വച്ച് കൊടികുത്ത്, ചന്ദനക്കുടം തുടങ്ങിയ അനാചാരങ്ങള്‍ മുസ്‌ലിംകള്‍ നടത്തരുതെന്ന പ്രമേയം ഏകകണ്‌ഠേന പാസാക്കി.' (കെ.എം മൗലവി ജീവചരിത്രം. പുറം: 145) 'ഖബറാരാധനയെ (ഖബര്‍ സിയാറത്ത്) ശക്തിയുക്തം എതിര്‍ത്തു കൊണ്ടാണ് ഐക്യസംഘം രംഗത്തുവന്നത്. (ശബാബ് വാരിക. വാ:32, ല:32) 'കേരള മുസ്‌ലിംകള്‍ക്കിടയില്‍ ഉണ്ടായിരുന്ന ചന്ദനക്കുടം പള്ളിയിലേക്കു കൊണ്ടുപോകല്‍, കൊടിയേറ്റം തുടങ്ങിയ അനാചാരങ്ങളെ ധ്വംസിക്കാനായിരുന്നു ഐക്യസംഘം പ്രവര്‍ത്തിച്ചിരുന്നത്. ഇവര്‍ക്ക് പ്രചോദനം നല്‍കിയിരുന്നത് അറേബ്യയിലെ നജ്ദി അബ്ദുല്‍ വഹാബിന്റെ നേതൃത്വത്തില്‍ ഉണ്ടായ മുസ്‌ലിം നവീകരണ പ്രസ്ഥാനമായിരുന്നു. ' ( മുഹമ്മദ് അബ്ദുറഹ്മാന്‍ ജീവചരിത്രം. പു : 267) 'അറേബ്യയിലെ ഇബ്‌നു അബ്ദില്‍ വഹാബ്, ഈജിപ്തിലെ മുഹമ്മദ് അബ്ദു,റശീദ് രിളാ തുടങ്ങിയ പരിഷ്‌കര്‍ത്താക്കളുടെ പാതയാണ് ഐക്യസംഘം ഏറെക്കുറെ സ്വീകരിച്ചിരുന്നത്…

ഇബ്‌നു അബ്ദില്‍ വഹാബിന്റെ ആശയങ്ങളോടു സദൃശ്യം കണ്ടതിനാല്‍ എതിരാളികള്‍ ഐക്യസംഘക്കാരെ 'വഹാബി സംഘം' എന്നു വിശേഷിപ്പി ക്കുമായിരുന്നു.' (ശബാബ് വാ: 32, ല:32)

സാധാരണ മുസ്‌ലിംകള്‍ക്കിടയില്‍ കാര്യമായ സ്വാധീനം നേടാന്‍ അവര്‍ക്കു (സംഘത്തിന്) കഴിഞ്ഞില്ല. കാലാകാലങ്ങളിലായി ആചരിച്ചു വന്നിരുന്ന ആചാരാനുഷ്ഠാനങ്ങളെ എതിര്‍ത്തുവെന്നതും യാഥാസ്ഥിക പണ്ഡിതന്മാര്‍ക്ക് സാധാരണക്കാര്‍ക്കിടയില്‍ ഉണ്ടായിരുന്ന സ്വാധീനവും ഇതിനു കാരണമായി.' (ശബാബ്, വാ:32 ല:32) തികച്ചും നീഗൂഢമായിരുന്നു ഈ വഹാബി പതിപ്പിന്റെ നീക്കം എന്ന് വ്യക്തം.ഒറ്റ മനസ്സോടെ ഒന്നിച്ചു നിന്നിരുന്ന കേരള മുസ്‌ലിംകള്‍ക്കിടയില്‍ ഭിന്നിപ്പിന്റെ വിഷ വിത്ത് പാകിയത് ഐക്യസംഘം എന്നു പേരിട്ട അനൈക്യസംഘത്തിന്റെ വരവോടെയാണ്. 22 നു മുമ്പ് കേരള മുസ്‌ലിംകള്‍ക്ക് ഒരു നേതൃത്വമേ ഉണ്ടായിരുന്നുള്ളൂ. ഒരു നാട്ടില്‍ ഒരു മഹല്ല് ജമാഅത്ത് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പള്ളികളും മതപാഠശാലകളും കൂട്ടായ്മകളും ഒന്നേ ഉണ്ടായിരുന്നുള്ളൂ. ഐക്യസംഘത്തിന്റെ വരവോടെ ഈ ഒരുമ തകര്‍ന്നു.

ആലുവയില്‍ വെച്ച് 1924 മെയ് 1012 തിയ്യതികളില്‍ നടന്ന സംഘത്തിന്റെ രണ്ടാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് ഉലമാ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരുന്നു. തങ്ങള്‍ പ്രചരിപ്പിക്കുന്ന പുത്തന്‍ വാദങ്ങള്‍ക്ക് പണ്ഡിതന്‍മാരുടെ പിന്തുണയുണ്ടെന്ന് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള തന്ത്രമായിരുന്നു അത്. വേലൂര്‍ ബാഖിയാത്ത് മുദരിസ് മൗലാനാ അബ്ദുറഹീം ഹസ്രത്തിന്റെ അധ്യക്ഷതയില്‍ നടന്ന കോണ്‍ഫറന്‍സില്‍ ഉലമാ സംഘടന വേണമെന്ന ആഹ്വാനവുമായി ഇ. മൊയ്തു മൗലവി പ്രമേയമവതരിപ്പിച്ചു. വൈകുന്നേരം നടന്ന പൊതു യോഗത്തില്‍ വച്ച്ം 'കേരള ജംഇയ്യത്തുല്‍ ഉലമ' രൂപീകൃതമായതായി പ്രഖ്യാപിക്കപ്പെട്ടു.

1925 ല്‍ ഐക്യ സംഘത്തിന്റെ മൂന്നാം വാര്‍ഷികം കോഴിക്കോട് വച്ച് നടത്താന്‍ തീരുമാനിച്ചതോടെയാണ് ഈ വിഷബീജം മലബാറിലേക്കെത്തുന്നത്. ഇതിന്റെ ഭവിഷത്ത് മുന്‍കൂട്ടി കണ്ട് ദീര്‍ഘ ദൃക്കുകളായ ഉലമാക്കള്‍ മൗലാനാ അഹ്മദ് കോയ ശാലിയാത്തി(ന:മ)യുടെ നേതൃത്വത്തില്‍ കോഴിക്കോട്ടെ പൗര പ്രമുഖരെയും സ്വാഗതസംഘം ഭാരവാഹികളെയും നേരില്‍ കണ്ട് അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് പ്രബുദ്ധരാക്കി പ്രതിരോധം തീര്‍ത്തു.

അഹ്‌ലുസ്സുന്നയുടെ പണ്ഡിതര്‍ സംഘടിക്കുന്നു

മലബാറിലേക്കുള്ള അനൈക്യക്കാരുടെ കുടിയേറ്റം പണ്ഡിതന്മാര്‍ ഗൗരവത്തോടെ കണ്ടു. കാരണം അതുവരെ കേരളീയ സമൂഹത്തിനു പരിചയമില്ലാത്ത അപകടകരമായ ആശയങ്ങളും വാദഗതികളുമാണ് പുതിയ സംഘടനയിലൂടെ അവര്‍ പ്രചരിപ്പിച്ചിരുന്നത്. അക്കാലമത്രയും കേരള മുസ്‌ലിംകള്‍ സ്വീകരിച്ച വിശ്വസാചാരങ്ങളെ അവര്‍ തള്ളിപ്പറഞ്ഞു. ലോകമുസ്‌ലിംകള്‍ അംഗീകരിച്ച മദ്ഹബുകളെ നിരാകരിക്കാനും ഖുര്‍ആനും സുന്നത്തും സ്വന്തമായി വ്യാഖ്യാനിച്ച് ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കാനും നീക്കങ്ങള്‍ നടന്നു. ഇസ്‌ലാമിക പൈതൃകത്തെ വികലമാക്കുകയും യഥാര്‍ഥ സുന്നത്ത് ജമാഅത്തിന്റെ വക്താക്കള്‍ തങ്ങളാണെന്ന് അവകാശവാദമുന്നയിക്കുകയും ചെയ്ത അവരുടെ പ്രവര്‍ത്തനം പ്രതിരോധിക്കല്‍ അനിവാര്യമായി വന്നു. ഐക്യക്കാരെ പ്രതിരോധിക്കാനുള്ള അജണ്ടകള്‍ക്ക് രൂപം നല്‍കുകയെന്ന ലക്ഷ്യത്തോടെ പണ്ഡിതര്‍ വരക്കല്‍ മുല്ലക്കോയ തങ്ങളുടെ വസതിയില്‍ ഒരുമിച്ച്കൂടി. പിന്നീട് അതിന്റെ ഭാഗമായി 1925 ല്‍ കോഴിക്കോട് വലിയ ജുമുഅത്ത് പള്ളിയില്‍ പ്രമുഖ പണ്ഡിതന്മാരും സമുദായ നേതാക്കളും സംഗമിച്ചു. ബിദ്ത്തിന്റെ സംഘടിത രൂപത്തെ തിരിച്ചറിഞ്ഞു പ്രതിരോധിക്കുന്നതിനെക്കുറിച്ചും അഹ് ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആശയാദാര്‍ശങ്ങളുടെ പ്രചാരണത്തിന് സംഘടിത രൂപം നല്‍കുന്നതു സംബന്ധിച്ചും സമഗ്രമായ ചര്‍ച്ചകള്‍ നടന്നു. ഇനിയും നിഷ്‌ക്രിയമായാലുണ്ടാവുന്ന പ്രത്യാഘാതം തിരിച്ചറിഞ്ഞു അവര്‍കര്‍മനിരതരായി. അങ്ങനെ അഹ് ലുസ്സുന്നയുടെ ആദ്യപണ്ഡിത സംഘടന ജനിച്ചു. ബേപ്പൂര്‍ ജുമുഅത്ത് പള്ളിയിലെ മുദരിസും പണ്ഡിതനും വാഗ്മിയും സൂഫിവര്യനുമായിരുന്ന കെ.പി.മുഹമ്മദ് മീറാന്‍ മുസ്‌ലിയാര്‍ പ്രസിഡന്റും മികച്ച സംഘാടകനും വാഗ്മിയുമായിരുന്ന പാറോല്‍ ഹുസൈന്‍ മൗലവി സെക്രട്ടറിയുമായി കേരള ജംഇയ്യത്തുല്‍ ഉലമ എന്നൊരു പണ്ഡിത സംഘടനക്ക് രൂപം നല്‍കി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സംസ്ഥാപനത്തിന്റെ മുന്നൊരുക്കമായിരുന്നു അത്.

ഐക്യസംഘത്തിന്റെ വികല ആശയങ്ങളെ തുറന്ന് കാണിക്കാനും സുന്നത്ത് ജമാഅത്തിന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനും ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന വിവിധ പരിപാടികള്‍ നടത്താന്‍ സംഘം തീരുമാനിക്കുകയും അതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. ഒരു വര്‍ഷത്തിനുള്ളില്‍ പ്രസ്തുത സംഘടന കോഴിക്കോട്, ചാലിയം, എടവണ്ണ, മഞ്ചേരി തുടങ്ങിയ സ്ഥലങ്ങളില്‍ വിപുലമായ സുന്നി സമ്മേളനങ്ങള്‍ നടത്തി. മുസ്‌ലിം പാരമ്പര്യത്തെ നിരാകരിക്കുന്ന പുത്തന്‍ ചിന്തകളെക്കുറിച്ച് മുസ്‌ലിം ബഹുജനത്തെ ബോധവല്‍ക്കരിക്കാന്‍ അന്നത്തെ സാഹചര്യത്തില്‍ വളരെ ത്യാഗം ചെയ്താണ് ഈ സമ്മേളനങ്ങള്‍ അവര്‍ സംഘടിപ്പിച്ചത്.

കോഴിക്കോട് ടൗണ്‍ഹാളില്‍ പണ്ഡിതന്മാരുടെ ഒരു മഹാസംഗമം നടത്താന്‍ തീരുമാനിച്ചതോടെ അതിനായി പണ്ഡിതരെ ക്ഷണിക്കാനും തുടങ്ങി. പാങ്ങിലിന്റെ നേതൃത്വത്തിലായിരുന്നു നീക്കങ്ങള്‍ നടന്നത്. ആദ്യമായി അദ്ദേഹം സന്ദര്‍ശിച്ചത് തന്റെ ഖാദിരീ ത്വരീഖതിലെ ശൈഖായ വാളക്കുളം കോയാമുട്ടി മുസ്‌ലിയാരെയായിരുന്നു. സംഘടന രൂപീകരണത്തിന് പൂര്‍ണ്ണമായ ആശീര്‍വാദം നല്‍കിയ മഹാനവര്‍കള്‍ പ്രായാധിക്യം മൂലം വരാനാവില്ലെന്നും പകരം മകന്‍ വാളക്കുളം അബ്ദുല്‍ ബാരി മുസ്‌ലിയാരെ കൂടെക്കൂട്ടിക്കോളൂ എന്നും അറിയിച്ചു. അതോടെ അബ്ദുല്‍ ബാരി മുസ്‌ലിയാര്‍ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ക്കൊപ്പം പൂര്‍ണ്ണമായും പ്രവര്‍ത്തന മണ്ഡലത്തിലേക്കിറങ്ങി. കേരളത്തിലെ പ്രതാപമുള്ള ദര്‍സുകളിലെല്ലാം സന്ദര്‍ശനം നടത്തി അവരെയെല്ലാം പരിപാടിയിലേക്ക് ക്ഷണിച്ചു. പാനായിക്കുളം പുതിയാപ്പിള അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, മുഹമ്മദ് മീറാന്‍ മുസ്‌ലിയാര്‍ തുടങ്ങിയവരായിരുന്നു ഇതിന് നേതൃത്വം നല്‍കിയിരുന്നത്. പലപണ്ഡിതരും പൊതു ഇടങ്ങളിലേക്ക് ഇറങ്ങി വരാന്‍ മടിക്കുന്നവരായിരുന്നു. സംഘടനാ സംവിധാനം അനാവശ്യമാണെന്ന് വാദിക്കുന്ന, എല്ലാ പുരോഗമനശ്രമങ്ങളെയും അന്ധമായി എതിര്‍ക്കുന്നവരും പുരോഗമനം തലക്ക് പിടിച്ച് യാഥാസ്ഥിക നിലപാടുകളോട് പുച്ഛഭാവം പുലര്‍ത്തുന്നവരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. അവരെയെല്ലാം സാഹചര്യത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി ഗോഥയിലിറക്കാന്‍ ആത്മാര്‍ഥമായ പ്രവര്‍ത്തനം ഫലം കാണുക തന്നെ ചെയ്തു.

സമസ്ത ജനിക്കുന്നു

1926 ജൂണ്‍ 26നാണ് ആ ചരിത്ര സംഗമം നടന്നത്. സാദാത്തുക്കളും ഉലമാക്കളും വിദൂര പ്രദേശങ്ങളില്‍ നിന്ന് പോലും കോഴിക്കോട്ടെത്തി. മഹാപണ്ഡിതന്മാരുടെ സാന്നിധ്യം കൊണ്ട് പ്രൗഢമായ സദസ്സോടെ പരിപാടിക്ക് ആരംഭം കുറിച്ചു. വരക്കല്‍ മുല്ലക്കോയ തങ്ങളുടെ സഹോദരി പുത്രന്‍ സയ്യിദ് ഹാശിം ചെറുകുഞ്ഞി കോയ തങ്ങളായിരുന്നു അധ്യക്ഷന്‍. പവിത്രമായ ആ സദസ്സില്‍ വച്ച് വിഷലിപ്തമായ പുത്തനാശയങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ പ്രതിരോധം സൃഷ്ടിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി 'സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ' എന്ന പണ്ഡിത സഭ അനിവാര്യതയുടെ സൃഷ്ടിയായി പിറവിയെടുത്തു.

വരക്കല്‍ സയ്യിദ് അബ്ദുറഹ്മാന്‍ ബാഅലവി മുല്ലക്കോയതങ്ങള്‍ (പ്രസിഡന്റ് ), എ.പി.അഹമദ് കുട്ടി മുസ്‌ലിയാര്‍ പാങ്ങ്, കെ.മുഹമ്മദ് അബ്ദുല്‍ ബാരി മുസ്‌ലിയാര്‍ വാളക്കുളം, കെ.എം. അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ പള്ളിപ്പുറം, കെ.പി മു ഹമ്മദ് മീറാന്‍ മുസ്‌ലിയാര്‍ ( വൈസ് പ്രസിഡന്റ്‌റുമാര്‍ ) പി.വി.മുഹമ്മദ് മൗലവി കോഴിക്കോട് (ജ: സെക്രട്ടറി) വി.കെ.മുഹമ്മദ് മുസ്‌ലിയാര്‍ പുതിയങ്ങാടി, ജര്‍മ്മന്‍ അഹമ്മദ് മുസ്‌ലിയാര്‍ ഫറോക്ക് (ജോ: സെക്രട്ടറിമാര്‍) എന്നി വരായിരുന്നു പ്രഥമ ഭാരവാഹികള്‍.

പണ്ഡിത കുലപതികളുടെ നേതൃത്വത്തില്‍ രൂപീകൃതമായ സംഘടന ആദര്‍ശ പോരാട്ട രംഗത്ത് ശക്തമായി നിലയുറപ്പിച്ചു. സംവാദങ്ങളിലൂടെയും സമ്മേളനങ്ങളിലൂടെയും എഴുത്തുകളിലൂടെയും സമസ്ത പുത്തന്‍വാദക്കാരെ നിരന്തരമായി എതിരിട്ട് ജനങ്ങളെ ബോധവല്‍കരിച്ചു. ഒരു നൂറ്റാണ്ടോടടുക്കാറായിട്ടും കേരളത്തില്‍ വഹാബി പ്രസ്ഥാനത്തിന് വലിയ സ്വീകാര്യത നേടാന്‍ സാധിക്കാതിരുന്നത് സമസ്തയുടെ ശക്തമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ്. സമസ്ത രൂപീകരിച്ചത് ഈ ബിദ്അത്തിന്റെ കരിനാഗങ്ങളെ പിഴുതെറിയാന്‍ തന്നെയായിരുന്നു.സമസ്ത ഇല്ലായിരുന്നുവെങ്കില്‍ കേരളത്തിലെ പൈതൃക താവഴികള്‍ തച്ചുടയ്ക്കപ്പെടുകയും യഥാര്‍ഥ ദീന്‍ ഇവിടെ നാമാവശേഷമാകുകയും ചെയ്യുമായിരുന്നു. നവോത്ഥാനത്തിന്റെ വീര ഗാഥകള്‍ മുഴക്കുമ്പോഴും നമ്മുടെ അടിസ്ഥാന വിഷയം വിശ്വാസവും കര്‍മ്മവും സംരക്ഷിക്കപ്പെടലാണെന്നും അതിന് കാവല്‍ നില്‍ക്കുകയാണ് സമസ്ത ചെയ്തതെന്നും നാം വിസ്മരിച്ചു കൂടാ…

ലക്ഷ്യം മറക്കാത്ത മുന്നേറ്റം

നിരന്തര ചര്‍ച്ചകള്‍ക്കൊടുവില്‍ അംഗീകരിച്ച ഭരണഘടന 1934 നവംബര്‍ 14ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കോഴിക്കോട് ജില്ലാ രജിസ്ട്രാര്‍ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്തു. (എ സ് 1 1934) പ്രധാനമായി അഞ്ച് ഉദ്ദേശ്യങ്ങളാണു ഭരണഘടന മുന്നോട്ടുവച്ചത്

  • അഹ്‌ലുസ്സുന്നയുടെ വിശ്വാസാചാരങ്ങള്‍ പ്രബോധനം ചെയ്യുക.
  • അഹ്‌ലുസ്സുന്നയുടെ വിശ്വാസത്തിനെതിരേ പ്രവര്‍ത്തിക്കുന്നവരെ നിയമാനുസൃതം പ്രതിരോധിക്കുക.
  • മുസ്‌ലിം സമുദായത്തിന്റെ അവകാശസംരക്ഷണത്തിനു നിലകൊള്ളുക.
  • മതവിദ്യാഭ്യാസപ്രവര്‍ത്തനം നടത്തുക. മതേതരവിദ്യാഭ്യാസം പ്രാത്സാഹിപ്പിക്കുക.
  • അന്ധവിശ്വാസം, അരാജകത്വം, അധാര്‍മ്മികത, അനൈക്യം എന്നിവ ഇല്ലാതാക്കുന്നതിനും സമുദായത്തിന്റെ ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുക.

നിയമാവലി രജിസ്‌ട്രേഷനു സമര്‍പ്പിക്കുമ്പോള്‍ സാക്ഷികളായി ഒപ്പ് വച്ചിരിക്കുന്നത് ഖാന്‍ സാഹിബ് വി.ആറ്റക്കോയ തങ്ങള്‍ പൊന്നാനി, മലപ്പുറം ഖാസി ഖാന്‍ ബഹദൂര്‍, ഒ.പി.എം, മുത്തുക്കോയ തങ്ങള്‍ എന്നിവരാണ്.

ഇസ്‌ലാമിക പ്രബോധനം, മതവിദ്യാഭ്യാസ പ്രചരണം, അന്തവിശ്വസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെയുള്ള പ്രവര്‍ത്തനം സംഘടനയുടെ പ്രധാന ലക്ഷ്യങ്ങളായി സമസ്തയുടെ ഭരണഘടനയില്‍ കാണാം. മതവിശ്വാസങ്ങളോട് സമരസപ്പെട്ടു പോകുന്ന മതേതര വിദ്യാഭ്യാസത്തെ പ്രോല്‍സാഹിപ്പിക്കാനും മതസഹിഷ്ണുത, സമാധാന പൂര്‍ണ്ണമായ ജീവിതം, ദേശീയ പുരോഗതി എന്നിവക്കുവേണ്ടി നിലകൊള്ളുവാനും ഭരണഘടന പ്രത്യേകം അനുശാസിക്കുന്നുണ്ട്. ഭരണഘടനയിലെ ഉദേശ്യ ലക്ഷ്യങ്ങളിലെ ഉപര്യുക്ത വകുപ്പുകള്‍ ആദര്‍ശ പ്രചാരണം, പ്രതിരോധം, അവകാശസംരക്ഷണം, ഭൗതിക പുരോഗതി എന്നീ അടിസ്ഥാന ലക്ഷ്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചാണ് സമസ്ത സ്ഥാപിത കാലം മുതല്‍ ഇതുവരെ പ്രവര്‍ത്തിച്ച് വന്നത്.

ബ്രിട്ടീഷുകാരുടെ ചട്ടുകമായി പ്രവര്‍ത്തിച്ചു കൊണ്ടാണ് കേരളത്തിലും വഹാബി പ്രസ്ഥാനം രംഗത്ത് വന്നത്. ഈ ആശയധാരയില്‍ ജമാഅത്തെ ഇസ്‌ലാമി പോലുള്ള പല പ്രസ്ഥാനങ്ങളും ഉദയം ചെയ്തത് കാണാം. പാരമ്പര്യ ഇസ്‌ലാമിനെ പരിഷ്‌കരിക്കാനുള്ള നീക്കങ്ങളാണ് ഈ നവീന നവീകരണ സംഘങ്ങള്‍ ചെയ്തത്. അതിനായി മത ഗ്രന്ഥങ്ങളും ചരിത്ര ഗ്രന്ഥങ്ങളും കണ്ടുകെട്ടാനുള്ള നീക്കം നടത്തി. മുഹിമ്മാത്തുല്‍ മുസ്‌ലിമീന്‍, ചേറൂര്‍ പടപ്പാട്ട്, മണ്ണാര്‍ക്കാട് പടപ്പാട്ട്, മഞ്ചേരി പടപ്പാട്ട്, അല്‍ അമീന്‍ പത്രം തുടങ്ങിയവ അങ്ങനെ കണ്ടുകെട്ടിയതില്‍ ചിലതുമാത്രം.

പിന്നെ സ്വീകരിച്ച മാര്‍ഗം ഈ ഗ്രന്ഥ ശേഖരങ്ങളത്രയും എഴുതപ്പെട്ട അറബി മലയാളം എന്ന ഭാഷയെ ഇല്ലാതെയാക്കുക എന്നതായിരുന്നു. അടിസ്ഥാന ജ്ഞാനം തടയപ്പെടാനും അറബി മലയാളത്തെ നിരുത്സാഹപ്പെടുത്താനും കുത്സിത നീക്കങ്ങള്‍ തന്നെ പിന്നീട് നടന്നു. പരിഷ്‌കരണ വാദത്തിന്റെ പേരില്‍ വഹാബികളെ കൂട്ട് പിടിച്ച് പുതിയ മതം മുസ്‌ലിംകളെ പഠിപ്പിക്കാന്‍ ശ്രമിച്ച കഥ സി.എന്‍ അഹ്മദ് മൗല വി തന്നെ കുറിച്ചത് കാണുക: 'ബ്രിട്ടീഷുകാര്‍ക്ക് എന്തൊക്കെ ദോഷങ്ങളുണ്ടങ്കിലും, അവര്‍ തികഞ്ഞ ഭരണ തന്ത്രജ്ഞന്‍മാരായിരുന്നു. അവര്‍ സംഗതികളുടെ മര്‍മ്മസ്ഥാനം സൂക്ഷിച്ചു മനസ്സിലാക്കി. ഈ അറബി ഗ്രന്ഥങ്ങളും അറബി ലിപിയിലെഴുതിയ ഗ്രന്ഥങ്ങളുമാണ് മാപ്പിളമാരെ ഇത്രയധികം ആവേശം കൊള്ളിക്കുന്ന തെന്ന് അവര്‍ ഗ്രഹിച്ചു. പക്ഷേ അതു തടയാനോ അതിനെതിരില്‍ ശബ്ദമുയര്‍ത്താനോ അവര്‍ നിന്നില്ല. അത് കൂടുതല്‍ അപകടകരമാണന്ന് ആ ഭരണ തന്ത്രജ്ഞന്‍മാര്‍ക്കറിയാമായിരുന്നു. അവര്‍ സൂത്രത്തില്‍ മറ്റൊരു വഴിക്ക് പ്ലാനിട്ട് പ്രവര്‍ത്തിക്കാന്‍ ഗൂഢമായി തീരുമാനിച്ചു.1921ലെ സ്വാതന്ത്ര്യ സമരത്തെ തുടര്‍ന്ന് മാപ്പിള സമുദായത്തിന്റെ നട്ടെല്ലൊടിഞ്ഞു പോയി. അപ്പോള്‍ മാപ്പിളമാരെ എങ്ങിനെ 'നന്നാക്കിയെടുക്കാം എന്നതിനെക്കുറിച്ച് ബ്രിട്ടീഷുകാരുടെ പല മണ്ഡലങ്ങളിലും ചര്‍ച്ചകളും കൂടിയാലോചനകളും നടന്നു. ഒടുവില്‍ അടിയന്തിരമായ ചില തീരുമാനങ്ങളെടുത്തു. മാപ്പിളമാര്‍ക്ക് സ്‌കൂളില്‍ വച്ച് മതം പഠിപ്പിക്കുക. അത് മലയാള ലിപിയിലൂടെ ആയിരിക്കുക. അതിനു വേണ്ട പുസ്തകങ്ങള്‍ വിദഗ്ധന്‍മാരെക്കൊണ്ട് തയ്യാര്‍ ചെയ്യിക്കുക. ആ ചുമതല ഒരേയവസരത്തില്‍ രണ്ടുകൂട്ടരെ ഏല്‍പ്പിച്ചു. 1. കുഞ്ഞിമോയി ഹാജി മഞ്ചേരി 2. അബ്ദുല്‍ ഗഫൂര്‍ഷാ സാഹിബ്… അതുരണ്ടും ഗവണ്‍മെന്റ് അംഗീകരിച്ചു നടപ്പില്‍ വരുത്തി. അറബി മലയാളത്തില്‍ നിന്നും മലയാള ലിപിയിലേക്കുള്ള മുസ്‌ലിംകളുടെ കാല്‍വെപ്പിന്റെ ആരംഭം ഇതാണ്' (മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം പേജ് 75).

നോക്കൂ, ഒരു സമുദായത്തിന്റെ അസ്ഥിത്തം തകര്‍ക്കാന്‍ ഇവര്‍ സ്വീകരിച്ച കുതന്ത്രം എത്രമാത്രം ഭയാനകം ആണെന്ന്. സമുദായത്തെ മതത്തില്‍ നിന്നും വേര്‍പ്പെടുത്തിയെടുക്കാനുള്ള ഗൂഢ തന്ത്രമാണ് ഇവിടെ മൗലവിമാരെ ഉപയോഗിച്ച് നടത്തിയത്. ജീവനില്ലാത്ത മതത്തിന്റെ വാഹകരായി ശ്ണ്ഡീകരിക്കപ്പെട്ട നാമധാരികളേയാണ് സാമ്രാജ്യത്വ ശക്തികള്‍ക്ക് ആവശ്യം. അതിന് കോപ്പു കൂട്ടുകയായിരുന്നു വഹാബിസം.

പുതിയമതം സമുദായത്തെ പഠിപ്പിക്കാന്‍ പുതിയ പണ്ഡിതന്‍മാരെ സൃഷ്ടിക്കേണ്ടതാവശ്യമായിരുന്നു. ഇതിനായി ബ്രിട്ടീഷുകാരും വഹാബികളും സംഘടിച്ച കഥ സി.എന്‍ തന്നെ പറയുന്നത് നോക്കൂ: 'ഈ പുസ്തകങ്ങള്‍ തയ്യാര്‍ ചെയ്ത് പ്രസിദ്ധീകരിച്ച ഇതേ കൊല്ലം മറ്റൊരു പ്ലാന്‍ കൂടി തയ്യാറാക്കി. 'ശരിയായ മതം' മലയാള ലിപിയിലൂടെ പഠിപ്പിക്കുവാന്‍ കഴിവുള്ള ഒരു മുസ്‌ലിം പണ്ഡിതനെ കണ്ടുപിടിക്കുക. അവസാനം കണ്ടുപിടിച്ചു. മികച്ച പണ്ഡിതനും പ്രസിദ്ധ വാഗ്മിയുമായിരുന്ന പി.എന്‍. വി. മുഹമ്മദ് മൗലവി (പുളിക്കല്‍)യെ, എന്നിട്ട് മുസ്‌ലിം അധ്യാപകന്‍മാര്‍ക്ക് പരിശീലനം നല്‍കിപ്പോന്ന മലപ്പുറം ട്രൈനിംഗ് സ്‌കൂളില്‍ അദ്ദേഹത്തെ നിയമിച്ചു. മുസ്‌ലിം അധ്യാപകന്‍മാരെ 'ശരിയായമതം പഠിപ്പിച്ചുവിട്ടാല്‍ അവര്‍ പിന്നീടു ജോലിക്കു ചെല്ലുന്ന ഗ്രാമങ്ങളിലെ മുസ്‌ലിംകളില്‍ ഹൃദയ പരിവര്‍ത്തനം വരുത്താന്‍ കഴിയുമല്ലോ, അതായിരുന്നു ലക്ഷ്യം (പേജ് 76).

കേരളത്തിലെ വിശ്വാസികളുടെ മതം തകര്‍ക്കാന്‍ ഈ നീക്കം പോരാത്തതിനാല്‍ ഒരു പരിഷ്‌കര്‍ത്താവിനെ മൗലാനയായി വേഷം കെട്ടിച്ചകഥ നോക്കൂ : 'മാപ്പിള സമുദായത്തില്‍ വ്യാപകമായ ഒരു ചലനം സൃഷ്ടിക്കാന്‍ ഇതുമാത്രം പര്യാപ്തമല്ലെന്ന് ബ്രിട്ടീഷുകാര്‍ കണ്ടു. 1929ല്‍ മദിരാശിയില്‍ നിന്ന് ക്യാപ്റ്റന്‍ അബ്ദുല്‍ ഹമീദ് സാഹിബിനെ എഡ്യുക്കേഷണല്‍ ഓഫീസറാക്കി മലബാറിലേക്കയച്ചു. ഒരു പ്രത്യേക സൂത്രവും പ്രയോഗിച്ചു.

വെറും അബ്ദുല്‍ ഹമീദ് എന്നല്ല, മൗലവി അബ്ദുല്‍ ഹമീദ് എന്ന പേരില്‍ അദ്ദേഹത്തെ പരിചയപ്പെടുത്തിക്കൊണ്ടാണ് ഇങ്ങോട്ടയച്ചത്. മതഭക്തരായ നമ്മുടെ ജനത ഇത് കേട്ട് തികച്ചും സംതൃപ്തരായി.

സി.എന്‍ തുടരുന്നു: 'സുചിന്തിതമായ പ്ലാന്‍ അദ്ദേഹം നടപ്പാക്കാന്‍ തീരുമാനിച്ചു. അത് മറ്റൊന്നുമല്ല. മലബാറിലെ മുസ്‌ലിയാരെ സംഘടിപ്പിച്ചു കൊണ്ട് മലപ്പുറം ട്രൈനിംഗ് സ്‌കൂളില്‍ ഒരു പ്രത്യേക ക്ലാസ് നടത്തുക. എന്നിട്ട് അവര്‍ക്ക് 'ശരിയായ മതം' പഠിപ്പിക്കുക. അതിനു പറ്റിയ ഒരാളെ അധ്യാപകനായി നിയമിക്കുക. ചുരുക്കത്തില്‍ എന്നെയാണ് ആ പോസ്റ്റില്‍ നിയമിച്ചത്. 1931ല്‍ ക്ലാസ് സംഘടിപ്പിച്ച് നോക്കുമ്പോള്‍ 25 വയസ്സുള്ള എന്റെ ഇരട്ടി പ്രായമുള്ള ശിഷ്യന്‍മാര്‍ പോലും ആ കുട്ടത്തിലുണ്ട്. മുദരിസുകളും ഖാസിമാരും മറ്റുമായി ജോലി ചെയതവര്‍. അവരോട് മല്ലിടേണ്ടി വന്ന കഥ എനിക്കിന്നും ഓര്‍ത്തു കൂടാ. ഈ ശിക്ഷ ലഭിക്കാന്‍ തക്കവണ്ണം ദൈവമേ എന്ത് കുറ്റമാണ് ഞാന്‍ ചെയ്തത് എന്ന് എപ്പോഴും ഞാന്‍ ഓര്‍ത്തു പോയിട്ടുണ്ട്' (മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം പേജ് 76). പരിഷ്‌കാരത്തിന്റെ അണിയറയിലെ വഹാബി ബന്ധവും എത്രത്തോളം അപകടകരമാണ് എന്ന് ഈ സംഭവങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തം.

പ്രവര്‍ത്തനങ്ങള്‍

ഭരണഘടന വിഭാവനം ചെയ്യുന്നവിധം പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ചിട്ടപ്പെടുത്തി. നവീനവിശ്വാസങ്ങള്‍ വരുത്തിവച്ച ആശയ വ്യതിയാനങ്ങള്‍ തീര്‍ത്ത വിശ്വാസവിടവുകള്‍ ഉയര്‍ത്തിയ വെല്ലുവിളികള്‍ നേരിടാന്‍ 1944നിടയില്‍ 15 പ്രധാനസമ്മേളനങ്ങള്‍ വിവിധപ്രദേശങ്ങളില്‍ സംഘടിപ്പിച്ചു. ഈ സമ്മേളനങ്ങളെല്ലാം ആശയസംവാദങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നവയായിരുന്നു. അടിസ്ഥാന ദീനീ ദഅവത്തുകളാണു നിര്‍വഹിച്ച മുഖ്യദൗത്യം. തുടര്‍ന്ന്, 2016 വരെയുള്ള വര്‍ഷങ്ങളില്‍ 27 മഹാസമ്മേളന ങ്ങള്‍ സമസ്ത സംഘടിപ്പിച്ചു. 2012 ല്‍ പ്ലാറ്റിനം ജൂബിലീ കാസര്‍കോട്, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലാണു സംഘടിപ്പിച്ചത്. അവസാനമായി ആലപ്പുഴയില്‍ 90 ാം വാര്‍ഷികസമ്മേളനം: വന്‍ ജനപങ്കാളിത്തംകൊണ്ടു ശ്രദ്ധേയമായതുപോലെ ആദര്‍ശപ്രചാരണരംഗത്തും ഉപകാരപ്പെട്ടു. ശരീഅത്ത് സംരക്ഷണം പോലുള്ള വിഷയങ്ങളില്‍ സാമൂദായിക താല്‍പര്യം മുന്‍നിര്‍ത്തി സമസ്ത നിലകൊണ്ടു. സമീപ കാലത്തെ പല വിഷയങ്ങളും ഈ നിലപാട് തന്നെയാണ് സമസ്ത സ്വീകരിച്ചത്.

വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍

1951 മാര്‍ച്ച് 25നു സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിച്ചു. പ്രഥമ യോഗം 1951 സപ്തംബര്‍ 17നു ചേര്‍ന്നു. 33 മദ്‌റസകള്‍ക്ക് അംഗീകാരം നല്‍കി. ഇപ്പോള്‍ (2017) അംഗീകൃത മദ്‌റസകളുടെ എണ്ണം 10601 ല്‍ എത്തിനില്‍ക്കുന്നു. ഒന്നുമുതല്‍ 12 വരെ ക്ലാസുകള്‍, 158 ടെക്സ്റ്റ് ബുക്കുകള്‍, അറബി, അറബി മലയാളം, അറബി തമിഴ്, കന്നഡ, ഇംഗ്ലീഷ്, ഉര്‍ദു ഭാഷകളില്‍ പുസ്തകങ്ങള്‍, ഇന്ത്യയിലും വിദേശത്തും പ്രവര്‍ത്തനപരിധി, നൂറിലധികം വിദ്യാഭ്യാസ ഇന്‍സ്‌പെക്ടര്‍മാര്‍, നാന്നൂറിലെറേ റെയിഞ്ചുകള്‍, 80,000 പരം അധ്യാപകര്‍ അങ്ങനെ കുറ്റമറ്റതും ലോകത്തിലെതന്നെ ഏറ്റവും വലിയ സംരംഭവുമായി വളര്‍ന്നുപന്തലിച്ച പ്രാഥമി കവിദ്യാഭ്യാസ സംവിധാനമാണ് സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ്. സ്ത്രീ വിദ്യാഭ്യാസ രംഗത്ത് കേരളത്തിലെ അനിഷേധ്യ സംഭാവനയാണ് സമസ്തയുടേത്.വ്യവസ്ഥാപിത മത പഠന രംഗത്ത് ഹയര്‍ സെക്കന്‍ഡറി വരെ മദ്രസ പഠനത്തിന് പുറമേ ദാറുല്‍ ഹുദാ സര്‍വകലാശാലക്കു കീഴിലുള്ള ഫാത്തിമത്തു സഹ്‌റ വനിതാ കോളേജ് സമസ്തയുടെ വനിതാ വിദ്യാഭ്യാസ രംഗത്ത് നിലവിലുള്ള പ്രധാന സംരംഭമാണ്. സമസ്തക്കു കീഴിലുള്ള ഫാളില ഫളീല സംവിധാനവും തഥൈവ.

ആധുനിക വിദ്യാഭ്യാസ രംഗത്തു സമസ്തയുടെ പ്രധാന സംവിധാനമാണ് പട്ടിക്കാട് എം.ഇ.എ.എന്‍ജിനീയറിങ് കോളജ് . ഇതിനു പുറമെ യൂനിവേഴ്‌സിറ്റി അംഗീകൃത അഫിലിയേറ്റ് കോളജുകള്‍, പ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെ സര്‍ക്കാര്‍ അംഗീകൃത സ്‌കൂളുകള്‍ എന്നിവ സമസ്തയുടെ വിവിധ പോഷക ഘടകങ്ങളും പ്രാദേശിക മഹല്ലുതലങ്ങളിലും പ്രവര്‍ത്തിക്കുന്നു. സമസ്തയുടെ വിദ്യാര്‍ഥി ഘടകമായ എസ്.കെ.എസ്.എസ്.എഫിനു കീഴിലെ സിവില്‍ സര്‍വിസ് പരിശീലന പരിപാടിയിലൂടെ മാതൃകായോഗ്യരായ ഐ.എ.എസുമാരെ രാജ്യത്തിനു സമര്‍പ്പിക്കാനായിട്ടുണ്ട്. ട്രന്റ് വിദ്യാഭ്യാസ വിംഗ് നടത്തുന്ന വിദ്യാഭ്യാസ ശാക്തീകരണ പരിപാടികള്‍, സ്റ്റെപ്പ് സിവില്‍ സര്‍വിസ് കോച്ചിങ് മാനവ വിഭവ ശേഷി വിനിയോഗത്തിലൂടെ മാതൃകായോഗ്യമായ ഒട്ടേറെ പരിപാടികള്‍ കേരളത്തില്‍ സമസ്തക്കും കീഴ്ഘടകങ്ങള്‍ക്കും കീഴില്‍ ഇന്നുണ്ട്.

വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റം ഇതരയിടങ്ങളിലേക്കു വ്യാപിപ്പിക്കുന്ന ശ്രമങ്ങളിലാണിപ്പോള്‍ സമസ്ത.തമിഴ്‌നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളിലും തുടങ്ങിവച്ച പദ്ധതികളോടൊപ്പം ഉത്തരേന്ത്യയിലേക്കു കൂടി പ്രബോധന പരിപാടികള്‍ വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. തമിഴ്‌നാട്ടില്‍ ഇതിനകം സമസ്തക്കു കീഴില്‍ നിരവധി മദ്‌റസകള്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. സമസ്തയുടെ ദേശിയ വിദ്യഭ്യാസ പദ്ധതിയായ SNEC വിദ്യഭ്യാസ വിപ്ലവത്തിന്റെ മറ്റൊരു മുന്നേറ്റമാണ്. അഹ്‌ലുസ്സുന്നത്തി വല്‍ജമാഅയുടെ മൗലികതക്ക് ഒട്ടും പോറല്‍ ഏല്‍പ്പിക്കാതെയുള്ള കാലോചിതമായ പരിഷ്‌കരണങ്ങളും അതിനൂതന സാങ്കേതിക വിദ്യകളും ശക്തമായ സിലബസും ഉള്‍പ്പെടുത്തുന്ന ശരീഅഃ സ്ട്രീംമും പൊതുവിദ്യാഭ്യാസത്തോടൊപ്പം ആധികാരികമായ കിതാബുകളും ഹോം സയന്‍സസ് പ്രൊജക്റ്റ്, മള്‍ട്ടി ലിംഗ്വല്‍ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ട്രെയിനിങ്, കരിഷ്മ ഡിസൈനിംഗ്,ന്യൂ മീഡിയ പരിജ്ഞാനം തുടങ്ങി മുസ്‌ലിം സ്ത്രീയുടെ വൈഞാനിക ലോകത്തെ പുതു വാതായനങ്ങള്‍ തുറക്കുന്ന ഷീ സ്ട്രീംമും മതധാര്‍മ്മിക ബോധവും അടിസ്ഥാന ജ്ഞാനവും അനുഷ്ഠാന പരിചയവുമുള്ള പ്രൊഫഷനലുകളെ വാര്‍ത്തെടുക്കുന്ന ലൈഫ് സ്ട്രീമും സമസ്തയുടെ നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് കൂടുതല്‍ നിറം പകരും.

കേരളത്തിനകത്തും പുറത്തുമായി മെഡിക്കല്‍ കോളേജുകള്‍ അടക്കമുള്ള വിപുലമായ സര്‍വകലാശാലകള്‍, ആഗോളാടിസ്ഥാനത്തിലുള്ള ഈ മദ്രസകള്‍ തുടങ്ങി പ്രാഥമിക നടപടികള്‍ ആരംഭിച്ചു കഴിഞ്ഞ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പുതിയ ദേശീയ യജ്ഞവും അതിമനോഹരമായി ഇവിടെ പൂത്ത് പരിലസിക്കട്ടെ. ദാറുല്‍ ഹുദായുടെ ഓഫ് കാംപസുകളും പ്രാഥമിക മതപഠന സ്ഥാപനങ്ങളും ആന്ധ്രപ്രദേശ്, അസം, പശ്ചിമ ബംഗാള്‍ തുടങ്ങി വിവിധ സംസ്ഥാനങ്ങളിലായി നിലവില്‍ വന്നതും ജാമിഅ നൂരിയ്യയുടെ നേതൃത്വത്തിലുള്ള നാഷനല്‍ പ്രോജക്ടും പുതിയ ചിറകടിയുടെ ശബ്ദം കൂടിയാണ്.

5, 7, 10, +2 ക്ലാസുകളിലെ പൊതുപരീക്ഷകളിലായി ഇതിനകം അരക്കോടിയിലധികം പഠിതാക്കള്‍ക്കു സര്‍ട്ടിഫിക്കറ്റ് നല്‍കിക്കഴിഞ്ഞു. ഉന്നത കലാലയങ്ങല്‍, അത്യുന്നത് മത ഭൗതിക സ്ഥാപനങ്ങള്‍, ദര്‍സ് അറബിക് കോളജുകള്‍ തുടങ്ങിയവ സമസ്ത സ്ഥാപിച്ചു. 1954 ഏപ്രില്‍ 25നു ചേര്‍ന്ന സമസ്ത സമ്മേളനം എസ്.വൈ.എസ് രൂപീകരിക്കാന്‍ തീരുമാനിച്ചു. 1976 ഏപ്രില്‍ 26ന് സുന്നി മഹല്ല് ഫെഡറേഷന്‍ രൂപീകരിച്ചു. 1989 ഫെബ്രുവരി 19 ന് എസ്.കെ.എസ്.എസ്.എഫ് നിലവില്‍ വന്നു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, ജംഇയ്യത്തുല്‍ മുദരിസീന്‍, ജംഇയ്യത്തുല്‍ ഖുത്വബാ, മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍, സുന്നി ബാലവേദി തുടങ്ങിയ കീഴ്ഘടകങ്ങളും രൂപീകൃതമായി. ഈ സംഘടനാ സംവിധാനങ്ങളെല്ലാം സമസ്തയുടെ ചാലകശക്തിക ളും ഊന്നുവടിയും ഊര്‍ജവുമായി വളര്‍ന്നുവന്നു.

വിയോജിപ്പുകളും തീര്‍പ്പുകളും

വ്യക്തമായ അജണ്ടകളും മാര്‍ഗനിര്‍ദേശങ്ങളും അനുസരിച്ച് പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനത്തില്‍ അച്ചടക്കനടപടി സ്വാഭാവികം. ആദര്‍ശപരമായ സംഘം ആണ് എന്നത് കൊണ്ട് തന്നെ വിയോജിപ്പുകളും ആ രൂപത്തില്‍ തന്നെയായിരുന്നു. തബ് ലീഗ് ജമാഅത്ത് ആദര്‍ശവ്യതിയാനം സംഭവിച്ച പുത്തന്‍വാദ ഗ്രൂപാണെന്ന് 1965കളില്‍ സമസ്ത ഈ തീരുമാനമെടുത്തിരുന്നു. ഇതില്‍ വിയോജിച്ച ചിലര്‍ അഖില കേരള ജംഇയ്യത്തുല്‍ ഉലമ എന്ന സംഘടനയ്ക്ക് രൂപം നല്‍കി. അധികം താമസിയാതെ ആ സംഘടന നാമാവശേഷമായി. പിന്നീട് 1965 ല്‍ ഉച്ചഭാഷിണിയിലൂടെ വരുന്ന ശബ്ദം സംബന്ധിച്ച് ഏറെ വിചിത്രമായ വാദമുയരുകയും ഉച്ചഭാഷിണിയുടെ വിലാസത്തില്‍ ചിലരുയര്‍ത്തിയ നിരര്‍ഥകവാദം പൊളിഞ്ഞതിനെത്തുടര്‍ന്നു പുറത്തുപോകേണ്ടിവന്നവര്‍ സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ എന്ന സംഘടന രൂപീകരിക്കുകയും ചെയ്തു. വളരെ നാമമാത്രമായ സാന്നിധ്യമായി ഇപ്പോഴും ഈ സംഘടന കേരളത്തില്‍ നിലനില്‍ക്കുന്നുണ്ട്.

1989 ല്‍ സമസ്തയില്‍നിന്ന് ആറുപേരെ മാറ്റി നിര്‍ത്തേണ്ടിവന്നു. സംഘടനാമര്യാദകള്‍ ലംഘിച്ചു. ഉലമാഇന്റെ വിശുദ്ധി കാത്തുസൂക്ഷിക്കാനായില്ല. ഗുരുജനങ്ങളെ അപമാനിച്ചു, കേരളത്തിലെ മുസ്‌ലിം സംഘടിത ശക്തിയെ തകര്‍ക്കാന്‍ ശ്രമിച്ചു തുടങ്ങി സാമ്പത്തികവും അല്ലാത്തതുമായ നിരവധി ആരോപണങ്ങള്‍ക്ക് ഇവര്‍ വിധേയരായി. ഇതൊക്കെയാണ് ഇവരെ മാറ്റിനിര്‍ത്താന്‍ കാരണമായത്. 1989ല്‍ ഓള്‍ ഇന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ എന്ന പേരില്‍ കോഴിക്കോട്ട് രജിസ്റ്റര്‍ ചെയ്ത ഇവര്‍ പ്രവര്‍ത്തിച്ചുവരുന്നു. ജന്മവൈകല്യം വേട്ടയാടുന്ന ഈ വിഭാഗം 'സമസ്ത' ചേര്‍ത്തു പ്രവര്‍ത്തിക്കാന്‍ നടത്തുന്ന നീക്കം ഇപ്പോഴും തുടരുകയാണ്. സംഘടനാമര്യാദയുടെ ലംഘനമാണിത്. സമസ്തയുടെ രജിസ്‌ട്രേഷന്‍ സ്ഥിരീകരിച്ചനെതിരെ ഇവര്‍ നല്‍കിയ വ്യവഹാരം ബഹു. സുപ്രിംകോടതി 2008 ഓഗസ്റ്റ് 28നു തള്ളുകയായിരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്ന ആദര്‍ശ പ്രസ്ഥാനത്തിന്റെ ജനസമ്മിതി ഉപയോഗപ്പെടുത്താനാണ് ഇവര്‍ വളഞ്ഞ മാര്‍ഗത്തില്‍ ശ്രമിച്ചുനോക്കാറുള്ളത്

അവരുടെ സംഘടന രജിസ്റ്റര്‍ ചെയ്ത പേരുപയോഗിക്കാതെ സമസ്തയുടെ പേരില്‍ സമ്മേളനങ്ങളും പിരിവുകളും നടത്താനാണവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സമസ്തക്ക് സമൂഹത്തിലുള്ള സ്വാധീനം ദുരുപയോഗം ചെയ്യാനാണിത്. ആത്മീയത വിപണനമാക്കുകയും സമൂഹത്തില്‍ ശിഥിലീകരണമുണ്ടാക്കുകയും മതത്തിന്റെ അച്ചടക്കവും വിശുദ്ധിയും തകര്‍ക്കുകയും ചെയ്യുന്ന ഈ വിഭാഗത്തിനു പറയത്തക്ക ജനസ്വാധീനം നേടാനായിട്ടില്ല. മുസ്‌ലിംകളുടെ ആധികാരികശബ്ദം എന്ന നിലയ്ക്കു മഹല്ലുകളും പള്ളികളും മദ്‌റസകളും സമസ്തയുടെ നിയന്ത്രണത്തിലാണു പ്രവര്‍ത്തിച്ചുവരുന്നത്. സമസ്തക്ക് സ്വീകാര്യത ലഭിക്കാനുള്ള കാരണം നിഷ്‌കളങ്കരായ നായകരുടെ നേതൃത്വവും കറകളഞ്ഞ ഉദേശ്യ ശുദ്ധിയും ആണ്.

ചരിത്രവും വര്‍ത്തമാനവും നിര്‍ണ്ണയിക്കാന്‍ ഉമ്മത്തിന് നേതൃത്വം നല്‍കിയവരുടെ പിന്‍മുറക്കാര്‍ തന്നെ ഈ സമുദായത്തിന്റെ ഭാവി ഭാഗദേയത്വവും നിര്‍ണ്ണയിക്കും എന്ന് തീര്‍ച്ച.

Join Our Journey

Be part of this historic countdown as we celebrate a century of Islamic scholarship and education in Kerala. Together, let's honor the legacy of Samastha's service and commitment to our community.