April 18, 2025
ഐക്യ സംഘത്തിലൂടെ സംഘടിത രൂപം കൈവരിച്ച പുത്തനാശയക്കാർ സമ്മേളനങ്ങളും പൊതുയോഗങ്ങളും നടത്തി ജനങ്ങളെ പരസ്യമായി വഴി തെറ്റിക്കാൻ തുടങ്ങി.കൊടുങ്ങല്ലൂരിൽ തുടങ്ങിയ ബിദ്അത്തിന്റെ വിഷലിപ്ത പ്രചാരണങ്ങൾ മലബാറിലേക്ക് കൂടി വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഐക്യ സംഘത്തിന്റെ മൂന്നാം വാർഷിക സമ്മേളനം 1925 ജൂൺ 1,2 തിയ്യതികളിൽ കോഴിക്കോട് വെച്ച് സംഘടിപ്പിക്കപ്പെട്ടു. ഇതോടെ അപകടം മനസ്സിലാക്കിയ മലബാറിലെ മതപണ്ഡിതന്മാർ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളുമായി കച്ചകെട്ടിയിറങ്ങി. സമുദായത്തിൽ ബിദ്അത്ത് പ്രത്യക്ഷപ്പെടുമ്പോൾ മൗനിയായിരിക്കുന്ന പണ്ഡിതൻ അല്ലാഹുവിന്റെ ശാപത്തിന് പാത്രീഭൂതനാവുമെന്ന പ്രവാചക തിരുവചനത്തിന്റെ ഗൗരവം അവർ ഉൾക്കൊണ്ടു. ഐക്യ സംഘക്കാരുടെ സമ്മേളനം നടന്ന കോഴിക്കോട് ഹിമായതുൽ ഇസ്ലാം ഹാളിൽ വച്ച് അവരോട് വാദപ്രതിവാദം നടത്താൻ സുന്നി പണ്ഡിത നിര തയ്യാറായി.